അതിർത്തിയിലെ മഹായുദ്ധങ്ങള്‍ അഥവാ മരങ്ങളും മതിൽക്കെട്ടിനുള്ളിലെ മാനസികരോഗങ്ങളും

Posted on 10 July 2026 by തോമസ് 1 min

അതിര്‍ത്തിയിലെ മതില്‍ ദേവാലയം

മലയാളിയുടെ വീടും പറമ്പും കഴിഞ്ഞാൽ പിന്നെ ഏറ്റവും വിശുദ്ധമായ സ്ഥലം ഏതാണെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ—അതിർത്തി! ആ അതിര്‍ത്തിയിലെ അവരുടെ ദേവാലയമാകുന്നു സിമന്റിലും കല്ലിലും പടുത്തുകെട്ടിയ മതില്‍. അതില്‍ അവരവരുടെ വിഢ്ഢ്യാസുരന്മാരെ മതില്‍ പടുത്തവര്‍ പ്രതിഷ്ഠിച്ചു വയ്ക്കുന്നു. പ്രതിഷ്ഠയെ നിത്യം പൂജിക്കുന്നു, ആരാധിക്കുന്നു. മതിലിന്റെ ഒരു കട്ട ഇളകിയാലോ, അവിടെ നിന്നൊരിഞ്ചു മണ്ണ് പോയാലോ പിന്നെ അടുത്തവീട്ടുകാരനുമായി മൂന്നാം ലോകമഹായുദ്ധമാണ്. അതിർത്തിയാകുന്ന ഈ കലാപഭൂമിയിലെ ഏറ്റവും വലിയ വില്ലന്മാർ ആരാണെന്ന് ചോദിച്ചാൽ പാവം മരങ്ങളാണ്. മരത്തേക്കാളേറെ, മതിലുകള്‍ക്കാണല്ലോ നമ്മുടെ നാട്ടില്‍ പ്രിവിലേജും ഗമയും കൂടുതല്‍. നിയമപുസ്തകം കക്ഷത്തിൽ വെച്ച് നോക്കിയാൽ സംഗതി ലളിതമാണ്: "നിന്റെ പറമ്പിലെ മരത്തിന്റെ ചില്ല എന്റെ അതിര് കടന്നാൽ, ഒന്നെങ്കിൽ ചില്ല വെട്ടണം, അല്ലെങ്കിൽ മരം തന്നെ പിഴുതുകളയണം!" നിയമം അപ്പടി അനുസരിച്ചാൽ, ജനങ്ങൾ തിങ്ങിപ്പാർക്കുന്ന നമ്മുടെ നാട്ടിൽ ഇനി വരാൻപോകുന്ന ചില 'സുന്ദരമായ' കാഴ്ച്ചകൾ ഒന്ന് ആലോചിച്ചു നോക്കൂ.

മതിലുകളുടെ പൂര്‍വ്വീകരായിരുന്നു വേലികള്‍. നിര്‍മ്മലരായ ആ പൂര്‍വ്വീകരുടെ തലമുറ ഇന്നു പൂര്‍ണ്ണമായും കുറ്റിയറ്റുപോയത് പഴയതലമുറയില്‍ ചില തന്തവൈബുകള്‍ ഇടയ്ക്കിടെ പറയുന്ന പഴംപുരാണങ്ങളില്‍ മാത്രം ഇപ്പോള്‍ കേള്‍ക്കാം. വേലികളില്‍ വിളഞ്ഞ കായ്കളം പൂക്കളും, അതില്‍ വിടര്‍ന്ന വസന്തത്തിന്റെ ഇടിമുഴക്കങ്ങളും, ഒടുവില്‍ വേലിതന്നെ വിളവു തിന്ന കഥകളും ആ തലമുറയുടെ ഇതിഹാസകഥകളി‍ല്‍ ഇന്നും മാറ്റൊലിക്കൊള്ളുന്നു.

'മരം വെട്ടൽ' ഗണിതശാസ്ത്രം

നഗരങ്ങളിലെ അഞ്ച് സെന്റിലും മൂന്ന് സെന്റിലും ജീവിക്കുന്ന നമ്മൾ ഈ നിയമം കടുപ്പത്തിൽ നടപ്പാക്കിയാൽ, പിന്നെ മരങ്ങൾക്ക് വളരാൻ ഒരേയൊരു വഴിയേ ഉള്ളൂ—സ്ട്രെയ്റ്റ് ആയിട്ട് നെട്ടനെ അങ്ങ് മുകളിലേക്ക് ഒറ്റത്തടിയായി മാത്രം വളരുക! ഒരു പ്ലാവോ മാവോ നടുമ്പോൾ അതിന് ഐ.എസ്.ആർ.ഓ.യുടെ റോക്കറ്റ് വിക്ഷേപണം പോലെയുള്ള കൃത്യത വേണ്ടിവരും. ഒരല്പം ഇടത്തോട്ടോ വലത്തോട്ടോ ചരിഞ്ഞാൽ അയൽക്കാരൻ കോടാലിയുമായി റെഡിയാണ്. "എടോ നാണു, തന്റെ മാവിന്റെ കൊമ്പ് എന്റെ കാറ്റിന്റെ ദിശയെ സ്വാധീനിക്കുന്നു, വെട്ടിക്കള!" എന്ന് പറയുന്ന കാലം വിദൂരമല്ല. മരങ്ങൾ ശാഖകൾ വിടർത്തുന്നത് പ്രകൃതിനിയമമാണ്. പക്ഷേ, അയൽപക്ക നിയമം അനുസരിച്ച് മരങ്ങൾ ശാഖകൾക്ക് പകരം 'തൂണുകൾ' പോലെ വളരണം. ഫലമോ? ഭാവിയിൽ കേരളത്തിൽ ഉണ്ടാകാൻ പോകുന്നത് മരങ്ങളല്ല, ഇലകൾ വെച്ചുപിടിപ്പിച്ച വലിയ 'പച്ച കോൺക്രീറ്റ് തൂണുകൾ' ആയിരിക്കും!

അതിര്‍ത്തിയിലെ മരങ്ങള്‍
വേലികളില്‍ വിളഞ്ഞ കായ്കളം പൂക്കളും, അതില്‍ വിടര്‍ന്ന വസന്തത്തിന്റെ ഇടിമുഴക്കങ്ങളും, ഒടുവില്‍ വേലിതന്നെ വിളവു തിന്ന കഥകളും പഴയ തലമുറയുടെ ഇതിഹാസകഥകളി‍ല്‍ ഇന്നും മാറ്റൊലിക്കൊള്ളുന്നു.

ഇല വീണാൽ തകരുന്ന സമാധാനം

ജനസാന്ദ്രത കൂടിയ സ്ഥലങ്ങളിൽ ഈ നിയമം എൻഫോഴ്സ് ചെയ്താൽ രാവിലെ എഴുന്നേൽക്കുമ്പോൾ കാണുന്ന കാഴ്ച്ചകൾ ഇതായിരിക്കും: • അതിർത്തിയിലെ അമ്പയർമാർ: രണ്ടു വീട്ടുകാരും അതിർത്തിയിലെ മതിലിൽ ടേപ്പും പിടിച്ചു നിൽക്കുന്നുണ്ടാകും. മരത്തിന്റെ ഏതെങ്കിലും ഒരു ഇല ലൈൻ ക്രോസ്സ് ചെയ്തോ എന്ന് നോക്കാൻ. വീണത് ഒരു കരിയില ആണെങ്കിൽ പോലും കേസ് സുപ്രീം കോടതി വരെ പോകാം. • തത്തകൾക്കും കാക്കകള്‍ക്കും അണ്ണാനുമെതിരെ കേസ്: അയൽക്കാരന്റെ മരത്തിലെ ചില്ലയിൽ വന്നിരിക്കുന്ന കാക്ക നമ്മുടെ പറമ്പിലേക്ക് നോക്കി കാഷ്ഠിച്ചാൽ അത് "അതിക്രമിച്ചു കടക്കൽ" (Trespassing) ആയി കണക്കാക്കി കാക്കക്കെതിരെയും മരത്തിന്റെ ഉടമസ്ഥനെതിരെയും ചാർജ് ഷീറ്റ് തയ്യാറാക്കേണ്ടി വരും.

വംശനാശം വരുന്ന തണലുകൾ

ഈ നിയമം പേടിച്ച് ആരും പിന്നെ മുറ്റത്ത് ഒരു ചെടി പോലും നടില്ല. കറിവേപ്പില നടണമെങ്കിൽ പോലും അതിന്റെ ഇല അയൽക്കാരന്റെ അടുക്കള ജനലിലേക്ക് എത്തിനോക്കുമോ എന്ന് പേടിക്കണം. അവസാനം, പ്രകൃതി സ്നേഹം മൂത്ത് നമ്മൾ എന്ത് ചെയ്യും? മുറ്റത്ത് പച്ച പെയിന്റടിക്കാം. പ്ലാസ്റ്റിക് മരങ്ങൾ വാങ്ങി വെക്കാം (അതാകുമ്പോൾ ചില്ലകൾ വളരില്ലല്ലോ!). ഒടുവിൽ തണൽ കിട്ടാൻ വേണ്ടി വീടിനു മുകളിൽ വലിയ പച്ച നെറ്റ് വലിച്ചുകെട്ടി അതിനടിയിലിരുന്ന് നമുക്കു പറയും: "ഇത്തിരി ശ്വാസം കിട്ടിയില്ലെങ്കിലെന്താ മരങ്ങളില്ലാത്തതിനാല്‍ എന്തൊരു സമാധാനം!"

വാങ്ങിവച്ചോളൂ മനോഹരമായ വീട്ടിനുള്ളില്‍ ഒരു ഓക്സിജന്‍ സിലിണ്ടറും കൂടി.

നിയമങ്ങൾ അതിർത്തികൾ കാക്കാൻ നല്ലതാണ്. പക്ഷേ, മരങ്ങളുടെ കാര്യത്തിൽ ഈ നിയമം അക്ഷരംപ്രതി പാലിച്ചാൽ, മനുഷ്യർക്ക് ശ്വസിക്കാൻ ഓക്സിജൻ സിലിണ്ടർ പുറത്തുതൂക്കി നടക്കേണ്ടി വരും. ഹെന്താ ചൂട്! ഈ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഒരു കാര്യം എന്നൊക്കെ നീട്ടിയങ്ങനെ ഗീര്‍വാണം അടിച്ചു വിടാം. വണ്ടി പാര്‍ക്ക് ചെയ്യാന്‍ തണലുകള്‍ തേടി അലയേണ്ട ആവശ്യം പിന്നെ വരികയേയില്ല, അവയെ കൂട്ടത്തോടെ നാം വെട്ടിയോടിച്ചതല്ലേ.

അതുകൊണ്ട്, അയൽക്കാരന്റെ പറമ്പിലേക്ക് നീളുന്ന മാമ്പഴം കണ്ട് "ഇത് എന്റെ ചില്ലയിൽ ഉണ്ടായതാണ്, അതുകൊണ്ട് എനിക്ക് മാത്രം അവകാശപ്പെട്ടതാണ്" എന്ന് വാശിപിടിക്കാതെ, "അല്പം മാമ്പഴം നിങ്ങൾക്കും ഇരിക്കട്ടെ" എന്ന് കരുതുന്ന ആ പഴയ അയൽപക്ക സംസ്കാരമാണ് ഈ 'കടുംവെട്ട്' നിയമത്തേക്കാൾ ഭേദം.

അല്ലെങ്കിൽ പിന്നെ, മരങ്ങൾക്ക് പകരം മതിൽപ്പുറത്ത് കൃത്രിമ പുല്ല് വെച്ച് നമുക്ക് സംതൃപ്തിയടയാം! ഓക്സിജന്‍ ചീറ്റൂന്ന സിലിണ്ടറുകള്‍ തോനെ വാങ്ങാന്‍ കിട്ടുമല്ലോ ചന്തയില്‍! പിന്നെന്തിനീ മരം? ചവറുകളോടു പോവാന്‍ പറ, ഹല്ല! പിന്നെ.