കണ്ടൽക്കാടുകൾ ശല്യമോ സാദ്ധ്യതയോ? നായരമ്പലം കാട്ടിത്തരുന്ന പുതിയൊരു വഴി

Posted on 24 July 2026 by തോമസ് 1 min

കണ്ടൽക്കാടുകളെക്കുറിച്ച് കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്നത് പ്രകൃതി ദുരന്തങ്ങളിൽ നിന്ന് കരയെ കാക്കുന്ന വലിയൊരു പച്ചമതിലാണ്. എന്നാൽ, ഇവയുമായി ദിവസവും ഇടപഴകുന്ന സാധാരണക്കാരായ തീരദേശവാസികൾക്ക് ഇതിന്റെ മറ്റൊരു വശമാണ് പറയാനുള്ളത്. അവരെ സംബന്ധിച്ചിടത്തോളം പലപ്പോഴും കണ്ടലുകള്‍ ശല്യക്കാരാണു്.

വളർന്നു പന്തലിക്കുന്ന കണ്ടലുകളുടെ വേരുകൾ തോടുകളിലും ജലപാതകളിലും തടസ്സം സൃഷ്ടിക്കാറുണ്ട്. ഒഴുക്കിൽ വരുന്ന പ്ലാസ്റ്റിക് / ജൈവ മാലിന്യങ്ങൾ ഈ വേരുകൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതും, വഞ്ചികളുടെ സഞ്ചാരത്തിനും തീരത്തുനിന്നുള്ള മീൻപിടുത്തത്തിനും ഇവ തടസ്സമാകുന്നതും ആളുകളിൽ അതൃപ്തിയുണ്ടാക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ കൃത്യമായ സമയങ്ങളിൽ ഇവയുടെ ചില്ലകൾ വെട്ടിമാറ്റി (Pruning) അവയെ വേണ്ടവിധം പരിപാലിക്കുന്ന രീതി നടപ്പില്‍ വരുത്തിയാല്‍ മാത്രം ജലപാതകൾ സുഗമമാക്കാനും മത്സ്യബന്ധനം തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാനും സഹായിക്കും. ഇങ്ങനെയുള്ള പ്രായോഗിക വശങ്ങള്‍ കാണാന്‍ ശ്രമിക്കാതെ പോകുന്നതാണ് പലപ്പോഴും മനുഷ്യരും കണ്ടൽക്കാടുകളും തമ്മിലുള്ള അകലത്തിന് കാരണം.

മത്സ്യസമ്പത്തും കണ്ടൽക്കാടുകളും

കണ്ടൽക്കാടുകൾ വെറുതെ വളർന്നുനിൽക്കുന്ന വൃക്ഷങ്ങളല്ല, നമ്മുടെ കായലുകളിലെയും കടലിലെയും മൽസ്യസമ്പത്തിന്റെ നട്ടെല്ലാണ്. • മീൻകുഞ്ഞുങ്ങളുടെ സുരക്ഷിത താവളം: കണ്ടലുകളുടെ സങ്കീർണ്ണമായ വേരുപടലങ്ങൾക്കിടയിലാണ് ചെറിയ മീനുകളും ഞണ്ടുകളും കൊഞ്ചുകളും വളരുന്നത്. ഉപ്പട്ടി (Avicennia officinalis) പോലുള്ള കണ്ടലുകളുടെ ശ്വസനവേരുകളുടെ ശൃംഖല വലിയ മീനുകളുടെയും ഇതരശത്രുക്കളുടേയും ആക്രമണത്തിൽ നിന്ന് മത്സ്യക്കുഞ്ഞുങ്ങള്‍ക്കു് സംരക്ഷണം നല്‍കുന്നു. • സ്വാഭാവിക തീറ്റ: കണ്ടൽ ഇലകൾ ചീഞ്ഞുണ്ടാകുന്ന ജൈവാവശിഷ്ടങ്ങൾ വെള്ളത്തിലെ പ്ലവകങ്ങൾക്കും ചെറുജീവികൾക്കും പ്രധാന ഭക്ഷണമാണ്. ഇവയാകട്ടെ മത്സ്യങ്ങളുടെ ഇഷ്ടാഹാരവുമാണു്. ഇത് മത്സ്യങ്ങളുടെ പ്രജനന നിരക്ക് ഗണ്യമായി വർദ്ധിപ്പിക്കുന്നു. • വെള്ളത്തിന്റെ ശുദ്ധീകരണം: കരയിൽ നിന്നുള്ള ചെളിയും മാലിന്യങ്ങളും അരിച്ചെടുത്ത് ജലാശയങ്ങളിലെ വെള്ളം തെളിമയുള്ളതാക്കി മാറ്റാൻ ഈ വേരുകൾക്ക് കഴിവുണ്ട്.

മത്സ്യസമ്പത്തിനെ ഗണ്യമായി വൎദ്ധിപ്പിക്കുന്ന നമ്മുടെ കണ്ടൽക്കാടുകൾ പക്ഷേ ഇന്ന് അതിവേഗം നശിച്ചുകൊണ്ടിരിക്കുകയാണ്. ആ കണക്കുകള്‍ കേട്ടാല്‍ നാം ഞെട്ടും. 1950-കളിൽ കേരളത്തിലുണ്ടായിരുന്ന 700 ചതുരശ്ര കിലോമീറ്റർ കണ്ടൽക്കാടുകളിൽ 93 ശതമാനത്തിലധികവും ഇന്ന് നഷ്ടപ്പെട്ടു കഴിഞ്ഞു. നിലവിൽ സംസ്ഥാനത്താകെ 50 ചതുരശ്ര കിലോമീറ്ററിൽ താഴെ മാത്രമാണ് കണ്ടൽ വിസ്തൃതിയുള്ളത്. എറണാകുളം ജില്ലയുടെ കാര്യമെടുത്താല്‍, വിസ്തൃതമായിരുന്ന കണ്ടൽ പ്രദേശങ്ങൾ ഇന്ന് വെറും 260 ഹെക്ടറോളമായി ചുരുങ്ങിയിരിക്കുന്നു. മംഗളവനം പോലുള്ള സംരക്ഷിത മേഖലകൾ പോലും 2.74 ഹെക്ടറിലേക്ക് ഒതുങ്ങി. ബാക്കിയുള്ളവയിൽ 80 ശതമാനത്തിലേറെയും സ്വകാര്യ വ്യക്തികളുടെ ഭൂമിയിലായതിനാൽ ഏതുനിമിഷവും നശിപ്പിക്കപ്പെടാം എന്ന ഭീഷണിയിലുമാണ്. ഇതിന്റെ നേരിട്ടുള്ള പ്രത്യാഘാതമാണ് നമ്മുടെ കായലുകളിൽ അനുഭവപ്പെടുന്ന മത്സ്യവറുതി.

ബോധവൽക്കരണമല്ല, ജീവിതമാർഗ്ഗമാണ് പ്രധാനം

കണ്ടൽ സംരക്ഷണത്തിനായി ക്ലാസുകളോ സെമിനാറുകളോ നടത്തിയതു കൊണ്ടു മാത്രം ജനങ്ങളുടെ മനോഭാവത്തിൽ മാറ്റമുണ്ടാകില്ലെന്ന് മനസ്സിലാക്കിയാണ് 'ഗ്രാസ്റൂട്ട്' (Grassroute) വേറിട്ടൊരു വഴി തിരഞ്ഞെടുത്തത്.

ഒരു രൂപ വിത്തിൽ നിന്ന് തുടങ്ങിയ മാറ്റം

കണ്ടല്‍വൃക്ഷങ്ങളെ അവരുടെ ഉപജീവനത്തിനോപാധിയാക്കി മാറ്റിയാല്‍ ഒരുപക്ഷേ കണ്ടല്‍ ആവാസവ്യവസ്ഥയെ അവര്‍ക്കു് കൂടുതല്‍ മനസ്സിലാക്കാനാവുമെന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞു. നായരമ്പലം ഗ്രാമപഞ്ചായത്തിലെ തീരദേശങ്ങളിൽ ഇറങ്ങി, അവിടെ കണ്ടുവരുന്ന Bruguiera gymnorhiza, Bruguiera cylindrica എന്നീ കണ്ടൽ ഇനങ്ങളുടെ വിത്തുകൾ ശേഖരിച്ചു നൽകാൻ ഞങ്ങളുടെ പ്രവർത്തകർ ആവശ്യപ്പെട്ടു. ശേഖരിക്കുന്ന ഓരോ വിത്തിനും ഒരു രൂപ വീതം നൽകി. ആളുകൾ ആവേശത്തോടെ ഇതിൽ പങ്കാളികളായെങ്കിലും, ഇത് സ്ഥിരമായൊരു വരുമാനമല്ലെന്ന് ഞങ്ങൾക്കറിയാമായിരുന്നു. കൂടുതല്‍ വരുമാനം സൃഷ്ടിക്കുന്ന പദ്ധതികളാവിഷ്കരിക്കേണ്ടതു് അനിവാര്യമാണെന്നു് ഞങ്ങള്‍ ഉറപ്പിച്ചു. അതാണു് വികേന്ദ്രീകൃത കണ്ടല്‍ നഴ്സറി എന്ന ആശയം ഉടലെടുക്കാന്‍ കാരണമായതു്. —— ഐ.ബി. മനോജ്, ഗ്രാസ്റൂട്ട് പ്രവൎത്തകന്‍

ഗ്രാസ്റൂട്ട് പ്രവൎത്തകര്‍ മുളഞ്ചട്ടികള്‍ തയ്യാറാക്കുന്നു.
പ്ലാസ്റ്റിക്‍ കവറുകളുപയോഗിക്കാതെ മുളഞ്ചട്ടികളില്‍ ആണു് തൈകള്‍ നടുവാന്‍ ഉദ്ദേശിക്കുന്നതു്. കണ്ടല്‍ത്തൈകള്‍ വളർത്താനാവശ്യമായ മുളഞ്ചട്ടികൾ ഗ്രാസ്റൂട്ട് പ്രവൎത്തകര്‍ തയ്യാറാക്കി നല്‍കും.

ഗ്രാമീണ കണ്ടൽ നഴ്‌സറികൾ

2022 ഏപ്രില്‍ മാസത്തില്‍ ഗ്രാസ്റൂട്ട് സ്വന്തമായി കണ്ടൽ നഴ്‌സറി ആരംഭിച്ചിരുന്നു. ആ അനുഭവപരിചയവും അറിവും പ്രാദേശിക കൂട്ടായ്മകൾക്ക് പകർന്നു നൽകാൻ ഞങ്ങൾ തീരുമാനിച്ചു. വിത്തുകൾ ശേഖരിക്കാനും പാടങ്ങളിൽ നിന്ന് പോഷകസമൃദ്ധമായ ചെളി എടുക്കാനും കടലോര / കായലോരനിവാസികള്‍ക്കും പാടശേഖരങ്ങള്‍ക്കു സമീപം താമസിക്കുന്ന നാട്ടുകാർക്കും എളുപ്പത്തിൽ സാധിക്കും. പ്ലാസ്റ്റിക്‍ കവറുകളുപയോഗിക്കാതെ മുളഞ്ചട്ടികളില്‍ ആണു് തൈകള്‍ നടുവാന്‍ ഉദ്ദേശിക്കുന്നതു്. കണ്ടല്‍ത്തൈകള്‍ വളർത്താനാവശ്യമായ മുളഞ്ചട്ടികൾ ഗ്രാസ്റൂട്ട് പ്രവൎത്തകര്‍ തയ്യാറാക്കി നല്‍കാനാണു് തീരുമാനം. 8-9 മാസം കൊണ്ട് വിൽപനയ്ക്ക് പാകമാകുന്ന തൈകൾ വളൎത്തിയെടുക്കുന്നതിലൂടെ പ്രദേശവാസികൾക്ക് ഇതൊരു നല്ല വരുമാനമാർഗ്ഗമായി മാറുമെന്നാണു് കരുതുന്നതു്.

നഴ്സറി പരിപാലിക്കുന്ന തൊഴിലുറപ്പുപ്രവൎത്തകര്‍.
കടലോരമേഖലയില്‍ ഇവിടെയാണ് കണ്ടല്‍ നഴ്സറി തയ്യാറാക്കുന്നതു്. നഴ്സറി പരിപാലിക്കുന്ന തൊഴിലുറപ്പുപ്രവൎത്തകരോട് ഗ്രാസ്റൂട്ട് പ്രവര്‍ത്തകര്‍ പദ്ധതി വിശദീകരിക്കുന്നു.

നായരമ്പലത്തു് പുതിയൊരു പ്രഭാതം

ഈ പ്രവർത്തനങ്ങൾ വിശാലമായ തലത്തിൽ നടപ്പിലാക്കുന്നതിനായി, നായരമ്പലം പഞ്ചായത്ത് ബയോഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മിറ്റിക്ക് (BMC) വേണ്ടി ഗ്രാസ്റൂട്ട് സമർപ്പിച്ച പദ്ധതിക്ക് കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ അംഗീകാരം നേരത്തേ ലഭിച്ചുകഴിഞ്ഞതാണു്. ചെറിയ സാങ്കേതിക തടസ്സങ്ങൾ മാറി, വരാനിരിക്കുന്ന ലോക കണ്ടൽ ദിനത്തിൽ (World Mangrove Day) ഈ പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെടുമെന്നാണു് പ്രതീക്ഷിക്കുന്നതു്. അങ്ങനെ കണ്ടൽക്കാടുകളിൽ നിന്ന് നല്ലൊരു വരുമാനം ലഭിച്ചുതുടങ്ങുമ്പോൾ, ആ വേരുകൾ തങ്ങളെ സംരക്ഷിക്കുന്ന പ്രകൃതിയുടെ കൈകളാണെന്ന് പ്രദേശവാസികളും തിരിച്ചറിയും. അവരിലുളവാകുന്ന ആ അവബോധമാണു് പരിസ്ഥിതിസ്നേഹികളെന്ന നിലയില്‍ ഞങ്ങള്‍ക്കുള്ള പ്രതിഫലം. തീരദേശത്ത് നാമ്പിടുന്ന ഈ വികേന്ദ്രീകൃത നഴ്‌സറികൾ നാളെയുടെ പുതിയൊരു പ്രതീക്ഷയാണ്!